07:43pm 30 June 2026
NEWS
അമ്മായിയമ്മയെ കത്തികൊണ്ട് കുത്തി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
30/06/2026  04:44 PM IST
nila
അമ്മായിയമ്മയെ കത്തികൊണ്ട് കുത്തി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

 

ഗോരഖ്പൂർ: അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്ന കേസിൽ മരുമകൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മായിയമ്മയുടെ പുറത്ത് പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പരാതി.

പരിക്കേറ്റ സ്ത്രീയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് മരുമകൾ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി. തുടർന്ന് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ സ്ത്രീയെ ഗോരഖ്പൂരിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്.

കുത്തേറ്റ സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച എയിംസ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മൊബൈൽ ഫോൺ ഉപയോ​ഗത്തെ ചൊല്ലി തർക്കം

കുത്തേറ്റ സ്ത്രീയുടെ രണ്ട് ആൺമക്കളും ഡൽഹിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണ്. മൂത്ത മകന്റെ വിവാഹം 2025 മെയിലായിരുന്നു. മൂന്ന് മാസം മുൻപാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവ് ജോലിക്കായി ഡൽഹിയിലേക്ക് മടങ്ങുകയും മരുമകൾ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ താമസിക്കുകയുമായിരുന്നു. സംഭവദിവസം രാത്രി മരുമകൾ മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നത് അമ്മായിയമ്മ ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി കുടുംബാംഗങ്ങൾ പറയുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചിരുന്നു.

രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷം അടുക്കളയിൽ നിന്ന് പച്ചക്കറി മുറിക്കുന്ന കത്തി എടുത്ത് അമ്മായിയമ്മയുടെ മുറിയിലെത്തിയ മരുമകൾ ആക്രമണം നടത്തിയെന്നാണ് പരാതി. നിലവിളി കേട്ട് അമ്മായിയപ്പൻ ഓടിയെത്തിയപ്പോഴേക്കും പ്രതി കുഞ്ഞിനെയും കൂട്ടി വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

മരുമകൾക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നാണ് പരിക്കേറ്റ അമ്മായിയമ്മ ആരോപിക്കുന്നത്. രാത്രിയിൽ മൊബൈൽ ഫോണിലൂടെ ഇയാളുമായി സംസാരിക്കുന്നത് പലതവണ വിലക്കിയെങ്കിലും അത് തുടരുകയായിരുന്നുവെന്നും അതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും അവർ പറഞ്ഞു.

അതേസമയം, അവിഹിതബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പരാതിയുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img